Wednesday, 24 October 2012

നിക്കോളാസ് എന്ന വാടകക്കൊലയാളി

രണ്ടാഴ്ച മുന്‍പ് കേരളത്തില്‍ ഏറെ സംസാരിക്കപ്പെട്ട ഒരു കൊലപാതകത്തില്‍ പ്രതി എന്‍റെ ഒരു ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു . അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ. ആദ്യമായാണ്‌ നേരിട്ട് പരിചയമുള്ള ഒരു കൊലയാളി എന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നത്‌ . അവന്‍ ഒരു സ്ഥിരം ക്രിമിനല്‍ ഒന്നുമായിരുന്നില്ല. യാദൃശ്ചികമായി സംഭവിച്ച ഒരു കൊലപാതകം. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല . അന്നത്തെ അവന്‍റെ സ്വഭാവത്തില്‍ ഒരു ഭാവി ക്രിമിനലിനെ കണ്ടെത്താന്‍ കഴിയുമോ എന്ന് ഞാന്‍ ശ്രമിച്ചു നോക്കി . ക്ലാസ്സില്‍ കുട്ടികളെയും അധ്യാപകരെയും ഒരു പാട് ചിരിപ്പിച്ചിരുന്ന ഒരു തമാശക്കാരന്‍ പയ്യനായിരുന്നു അവന്‍. അന്ന് ക്ലാസ്സില്‍ പഠിച്ച ചിലരെ ഇന്നും അവിടവിടെയായി കാണാറുണ്ട്‌ . ഒരാള്‍ ആര്‍മിയില്‍ മേജര്‍ ആണ്.  ഒരു പാട് പേര്‍ എന്‍ജിനിയര്‍മാരാണ്. കുറേപ്പേര്‍ ഡോക്ടര്‍മാരും. ഒന്ന് രണ്ടു പേര്‍ ഞങ്ങളുടെ ടൌണില്‍ തന്നെ ബിസിനസ്‌ ചെയ്യുന്നു . പെണ്‍കുട്ടികളില്‍ കൂടുതല്‍ പേരും വീട്ടമ്മമാര്‍. ഒരു കൂട്ടുകാരി ശാസ്ത്രജ്ഞയാണ്‌ . ഇപ്പോള്‍ ഞങ്ങളില്‍ ഒരാള്‍ ഒരു കൊലയാളിയാണ്. കുറഞ്ഞ പക്ഷം ഞങ്ങളുടെ കൂട്ടത്തില്‍ പിടിക്കപ്പെട്ട   ഒരേയൊരു കൊലയാളി അവനാണ്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും അവനെ ആ പേര് പിന്തുടരും...
ഇടയ്ക്ക് ഞാന്‍ ചിന്തിക്കാറുള്ള ഒരു വിഷയമായിരുന്നു ഇത്. പ്രത്യേകിച്ചും ഒരു സിനിമ കാണുമ്പോള്‍, അതിലെ ഒരു കഥാപാത്രത്തെ കാണുമ്പോള്‍.അയാളാണ് നിക്കോളാസ് എന്ന വാടകക്കൊലയാളി. നിങ്ങള്‍ അയാളെ അറിയും. അറിയാത്തത് അയാളുടെ പേരാണ്. ആഗസ്റ്റ്‌ 1 ...? എന്ന മലയാള സിനിമയില്‍ ക്യാപ്റ്റന്‍ രാജു അവിസ്മരണീയമാക്കിയ കഥാ പാത്രമാണ് അത്. സിനിമയിലോരിടത്തും അയാളുടെ പേര് പറയുന്നില്ല. ഒരിടത്തോഴികെ. ആ സന്ദര്‍ഭമാണ് കൊലയാളി യായിതീര്‍ന്ന സഹപാഠിയെ ഓര്‍മ്മിപ്പിക്കുന്നത് .